യുഎസിലെ കാലിഫോർണിയയിൽ സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. അഞ്ജന, ആൻ മേരി മാത്യു എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ വിതുമ്പലോടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. സാൻ ഫ്രാൻസിസ്കോയിൽനിന്ന് ലോസ് ആഞ്ചലസ്, ദുബായ് വഴിയാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ് കൊല്ലപ്പെട്ട ആൻ മേരി മാത്യു. ആൻ മേരിയുടെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് കോട്ടയത്തെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ പതിനൊന്നിനാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
തൃശൂർ സ്വദേശിനിയാണ് കൊല്ലപ്പെട്ട അഞ്ജന. അഞ്ജനയുടെ മൃതദേഹം വിലങ്ങന്നൂരിലെ ഭർതൃവീട്ടിൽ എത്തിച്ചു. ബന്ധുക്കൾക്കും നാട്ടുകാർക്കുമായി മൃതദേഹം പൊതുദർശനത്തിന് വെച്ചു.
വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം കുടുംബവീട്ടിലേക്ക് എത്തിക്കും. അവിടെവെച്ചാണ് അഞ്ജനയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം നടന്നത്. കാലിഫോർണിയയിലെ മിൽപിറ്റാസിലും സാൻ ഹോസെയിലുമായാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട യുവതികളുടെ അടുത്ത സുഹൃത്താണ് കേസിലെ പ്രതി. ഈരാറ്റുപേട്ട സ്വദേശിനിയായ അനിലയാണ് ഇരുവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ആൻ മേരിയെ സാൻ ഹോസെയിലെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഒന്നര മണിക്കൂറിന് ശേഷം അഞ്ജനയെ വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തി. യുഎസ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൃത്യം നടത്തിയ ഉടൻതന്നെ കാലിഫോർണിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി നിലവിൽ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. അതീവ സുരക്ഷാ വിഭാഗത്തിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം കണ്ടെത്താൻ മിൽപിറ്റാസ് പൊലീസ് അന്വേഷണം തുടരുകയാണ്.


