തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ അസഭ്യപരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനാണ് കേസിലെ പ്രതി.
വിവാദ പരിപാടിയുടെ സംഘാടകനായ ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെ സുധ നടത്തിയ വിവാദ പരാമർശങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.
മന്ത്രിമാരുൾപ്പെടെ പരാമർശത്തിനെതിരെ രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്.
പരിപാടിയിൽ കനിമൊഴി എംപി, ചെന്നൈ മേയർ പ്രിയ, മുൻമന്ത്രി ശേഖർ ബാബു എന്നിവരും പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് സൂചന.
വിവാദം ശക്തമായതോടെ സംഭവത്തിൽ ഡിഎംകെയുടെ വിശദീകരണവും പുറത്തുവന്നു. പരിപാടിയുടെ വേദിയിൽവെച്ചുതന്നെ സുധയുടെ പരാമർശത്തെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങളാണ് പാർട്ടി പുറത്തുവിട്ടത്.
പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണമെന്നും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങൾ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളും ദൃശ്യങ്ങളിലുണ്ട്.
മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശത്തെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നതിനിടെ, കനിമൊഴിയുടെ ഇടപെടൽ ഉയർത്തിക്കാട്ടിയാണ് ഡിഎംകെയുടെ വിശദീകരണം.
സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ വിവാദം തമിഴ്നാട് രാഷ്ട്രീയത്തിൽ കൂടുതൽ ചർച്ചയാകുകയാണ്.


