Top News
കോഴിക്കോട് പാളയത്ത് യുവാവ് കൊല്ലപ്പെട്ട വീടിന്റെ പരിസരം

കോഴിക്കോട് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് നഗരമധ്യത്തിൽ പാളയം പുതിയ കോവിലകം പറമ്പിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം. യുവാവിനെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ചതായി കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിന് താഴെ രക്തം തളംകെട്ടിയ നിലയിലായിരുന്നു മൃതദേഹം. പാല് കറക്കാൻ പോകുന്നതിനായി ബിജുവിനെ വിളിക്കാൻ എത്തിയതായിരുന്നു അമ്മ. അമ്മ എത്തിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

അസ്വാഭാവികമായി എന്തോ തോന്നിയ അമ്മ വാതിൽ തുറന്ന് അകത്തു കയറി. അപ്പോഴാണ് കട്ടിലിന് താഴെ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബിജുവിന്റെ ശരീരത്തിൽ മാരകമായി മുറിവേറ്റ പാടുകളുണ്ടെന്നാണ് വിവരം.

ഈ മേഖലയിൽ ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾ ധാരാളമായി എത്താറുണ്ട്. പോലീസ് ഈ പ്രദേശത്ത് സ്ഥിരമായി പരിശോധനകൾ നടത്താറുണ്ട്. അതുകൊണ്ട് തന്നെ ലഹരി മാഫിയകൾക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

വീട് പുറത്തുനിന്ന് പൂട്ടിയ നിലയിൽ കാണപ്പെട്ടതാണ് പോലീസിന്റെ സംശയം വർദ്ധിപ്പിക്കുന്നത്. അക്രമികൾ വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടതാവാം എന്നാണ് നിഗമനം. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Leave a Comment

Your email address will not be published. Required fields are marked *