Top News
2 kids found dead

കുളിമുറിയിലെ ടാങ്കിൽ 2 കുട്ടികൾ മരിച്ച സംഭവം കൊലപാതകം; അമ്മ കസ്റ്റഡിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് പിഞ്ചുകുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതോടെ ആദ്യം അപകടമരണം എന്ന നിലയിൽ കരുതിയിരുന്ന സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് താമസിക്കുന്ന ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ അഞ്ചുവയസ്സുകാരി ജെന്നിഫർ ജൂലിയറ്റും മൂന്നുവയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്. സെപ്റ്റംബർ 29ന് രാവിലെ കുട്ടികളെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് കുട്ടികളും അമ്മ നിവേദ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നായിരുന്നു ആദ്യഘട്ടത്തിലെ പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും സംഭവത്തിൽ സംശയം ഉയർന്നു. തുടർന്നാണ് കുട്ടികളെ താൻ കൊലപ്പെടുത്തിയതാണെന്ന് നിവേദ്യ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയത്. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസ്സമാകുമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു..

പൊലീസിന്റെ വിശദീകരണം അനുസരിച്ച്, കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിയശേഷം ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിയെന്നാണ് കരുതുന്നത്. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും കൃത്യമായ സംഭവക്രമവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയങ്ങൾ ഉണ്ടായിരുന്നുവെന്ന് അച്ഛൻ ജോൺ കുമാർ പറഞ്ഞിരുന്നു.. കുട്ടികൾ അബദ്ധത്തിൽ വെള്ളത്തൊട്ടിയിൽ വീണതാണെന്ന ആദ്യ നിഗമനത്തിൽ നിന്ന് അന്വേഷണത്തിന് മറ്റൊരു വഴിത്തിരിവുണ്ടായത് അമ്മയുടെ കുറ്റസമ്മതത്തോടെയാണ്.

വളരെ ചെറിയ പ്രായത്തിലുള്ള രണ്ട് കുട്ടികളുടെ ദാരുണമരണം നാടിനെ നടുക്കിയിരിക്കുകയാണ്. ഇന്നലെ വരെ അപകടമരണമായി കരുതിയിരുന്ന സംഭവം ഇപ്പോൾ കൊലപാതകക്കേസായി മാറിയതോടെ, സംഭവത്തിന് പിന്നിലെ മുഴുവൻ സാഹചര്യങ്ങളും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Leave a Comment

Your email address will not be published. Required fields are marked *