Top News
government suspects artificial power crisis

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല

സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ. നിലവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.

വൈദ്യുതി പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ പുതിയ ജിഎൻഎ (ഗ്രീൻ എനർജി ഓപ്പൺ ആക്സസ്) ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾ തൽക്കാലം ഉണ്ടാകില്ല. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിച്ചതാണോയെന്ന സംശയത്തിലാണ് സർക്കാർ. വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നും ഉടൻ പുതിയ കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് അനിവാര്യമാകുമെന്നുമുള്ള മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിന്റെ കുറിപ്പ് ഏത് സാഹചര്യത്തിലാണ് തയ്യാറാക്കിയതെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ അടിയന്തര കരാറിനായി സമ്മർദം ചെലുത്തിയതിന്റെ പിന്നിലെ കാരണങ്ങളും ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാൻ നടത്തിയ നീക്കങ്ങളും പരിശോധിക്കാനാണ് സർക്കാരിന്റെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *