തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിലും സ്ത്രീ ശാക്തീകരണത്തിലും ചരിത്രപരമായ നാഴികക്കല്ലാകുന്ന പുതിയ പദ്ധതിക്ക് കേരളത്തിൽ തുടക്കമാകുന്നു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി (KSRTC) ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി തിങ്കളാഴ്ച മുതൽ നിലവിൽ വരും.
യാത്രാച്ചെലവുകൾ ഇല്ലാതാകുന്നതോടെ സ്ത്രീകളുടെ പ്രതിമാസ വരുമാനത്തിൽ 15 മുതൽ 20 ശതമാനം വരെ വർധനവുണ്ടാകുമെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് മന്ത്രി സി.പി.ജോൺ.
തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി, ആദ്യ ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
ഇതിനുപുറമെ, രാവിലെ 9 മണിക്ക് സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സമാന്തര ഉദ്ഘാടന ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.
സൗജന്യയാത്ര ലഭിക്കുന്ന സർവീസുകൾ .
ആദ്യ ഘട്ടത്തിൽ 3125 ഓർഡിനറി ബസുകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കെഎസ്ആർടിസി പ്രത്യേക സർവീസ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്.
സിറ്റിഓർഡിനറി, ലിമിറ്റഡ്സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർസ്റ്റേജ് ലിമിറ്റഡ്സ്റ്റോപ്പ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലെ ഓർഡിനറി ബസുകളിൽ ഇനിമുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ടിക്കറ്റ് എടുക്കേണ്ടതില്ല.
പദ്ധതി നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത നികത്താൻ ആവശ്യമായ തുക സർക്കാർ പ്രത്യേക ഗ്രാന്റായി അനുവദിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾ.
കേവലമൊരു യാത്രാസൗജന്യം എന്നതിനപ്പുറം വലിയ സാമ്പത്തിക മുന്നേറ്റമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷിതവും സൗജന്യവുമായ യാത്രാസൗകര്യം ലഭിക്കുന്നതോടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വലിയ തോതിൽ വർധിക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും പുതിയ സംരംഭകത്വ പ്രവർത്തനങ്ങളിലേക്കും കടന്നുവരാൻ ഇത് സ്ത്രീകൾക്ക് ഊർജ്ജമേകും. കെഎസ്ആർടിസിയിലെ യാത്രക്കാരിൽ വലിയൊരു ശതമാനം സ്ത്രീകളായതിനാൽ, ഈ സാമ്പത്തിക ലാഭം നേരിട്ട് സംസ്ഥാനത്തെ ഓരോ കുടുംബങ്ങളിലേക്കുമാണ് എത്തുന്നത്.
കൂടാതെ, സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിന് ഈ പദ്ധതി വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇത് സംസ്ഥാനത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനും, കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും, നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സഹായിക്കും.
വാർത്താസമ്മേളനത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ എന്നിവരും പങ്കെടുത്തു.

