Top News
HEAVY RAIN ALERT

കേരളത്തിൽ വീണ്ടും മഴ ശക്തമാകും; 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കേരളത്തിലെ മഴ ശക്തമാകാൻ കാരണം.

ചക്രവാതച്ചുഴി മ്യാൻമർ–ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായി വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങി വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇതിന്റെ സ്വാധീനത്തിൽ അടുത്ത നാല് ദിവസവും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് തുടരും.

24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

എന്നാൽ വടക്കൻ മ്യാൻമർ തീരം, ബംഗ്ലാദേശ് തീരം, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതിനാൽ ഈ മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികൾ പോകരുതെന്നാണ് നിർദേശം.

കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക. ജനലിനും വാതിലിനും സമീപം നിൽക്കരുത്. സാധ്യമെങ്കിൽ വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും അവയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്യണം.

ഇടിമിന്നൽ സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലങ്ങളിലും ടെറസുകളിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലകളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *