Top News
rape case accused doctor absconding; police intensify probe

ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ കൂടുതൽ പരാതികൾ: മുൻ ആശുപത്രികളിലും മോശം പെരുമാറ്റം, മൊബൈലിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ

നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിയുന്ന ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ കൂടുതൽ ഗുരുതര വിവരങ്ങൾ പുറത്ത്.

ഇയാൾ മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രികളിലും സമാനമായ രീതിയിലുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പത്തനംതിട്ടയിലെ ഡോക്ടർ മുൻപ് ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.

രണ്ട് വർഷം മുൻപ് ആശുപത്രിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് അധികൃതർ ഡോക്ടർക്ക് താക്കീത് നൽകിയെന്നും പിന്നീട് ജോലിയിൽനിന്ന് ഒഴിവാക്കിയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

അവസാനമായി ജോലി ചെയ്തിരുന്ന കൊച്ചിയിലെ ആശുപത്രിയിലും ഡോക്ടർക്കെതിരെ സമാനമായ പരാതി ഉയർന്നിരുന്നു.

നിലവിലെ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ആശുപത്രി അധികൃതർ ഇയാളെ ജോലിയിൽനിന്ന് പുറത്താക്കുകയും മുൻപുണ്ടായ പരാതിയുടെ വിവരങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തതായാണ് വിവരം.

ഇതിനിടെ ഡോക്ടറുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

മുൻകാല പരാതികളും ആശുപത്രികളിൽനിന്ന് ലഭിച്ച വിവരങ്ങളും മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

ഈ മാസം 17-ന് കോടതി പരിഗണിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പീഡനക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ഡോക്ടർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടർ രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതേസമയം, തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഡോക്ടറുടെ വാദം. പരാതി നൽകാതിരിക്കാൻ പന്ത്രണ്ടോളം പേർ ചേർന്ന് തന്നെ മർദിക്കുകയും മൂന്ന് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ഇയാൾ നേരത്തെ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ സംഘം മോഷ്ടിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു.

ഡോക്ടറെ മർദിച്ചെന്ന കേസിൽ മൂന്ന് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ പീഡനവിവരം പുറത്തുവരാതിരിക്കാൻ ഡോക്ടർ തങ്ങൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇത് നിരസിച്ചതോടെയാണ് തങ്ങൾക്കെതിരെ കള്ളക്കേസ് നൽകിയതെന്നുമാണ് അറസ്റ്റിലായവരുടെ വാദം.

ഇതിനുപിന്നാലെയാണ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. പരസ്പരവിരുദ്ധമായ ആരോപണങ്ങളും മുൻകാല പരാതികളും മൊബൈൽ ഫോണിൽനിന്ന് ലഭിച്ചെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളും ഉൾപ്പെടെ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഡോക്ടറെ കണ്ടെത്തുന്നതിനും കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനുമുള്ള നടപടികൾ പൊലീസ് തുടരുകയാണ്

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു