മനിലയിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഓട്ടോറിക്ഷയെച്ചൊല്ലി പാകിസ്താൻ സമൂഹമാധ്യമങ്ങളിൽ പുതിയ വിവാദം.
മോദി യാത്ര ചെയ്തത് പാകിസ്താൻ നിർമിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയിലാണെന്ന അവകാശവാദവുമായി പാക് മാധ്യമപ്രവർത്തകൻ രംഗത്തെത്തിയതോടെയാണ് സംഭവത്തിന് തുടക്കമായത്.
പിന്നാലെ നിരവധി പാക് സോഷ്യൽ മീഡിയ ഹാൻഡിലുകളും ഈ പ്രചാരണം ഏറ്റെടുത്തതോടെ ഇന്ത്യൻ സമൂഹമാധ്യമ ഉപയോക്താക്കൾ ശക്തമായ പരിഹാസവുമായി രംഗത്തെത്തി.
ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കായി ആതിഥേയ രാജ്യമായ ഫിലിപ്പീൻസ് പ്രത്യേക വാഹനസജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ഇതിന്റെ ഭാഗമായി മറ്റ് ലോകനേതാക്കളെപ്പോലെ നരേന്ദ്ര മോദിയും പ്രത്യേകം അലങ്കരിച്ച ഓട്ടോറിക്ഷയിലാണ് വിരുന്നിനായി യാത്ര തിരിച്ചത്.
ഫിലിപ്പീൻസിലെ പരമ്പരാഗത പൊതുഗതാഗത വാഹനമായ ‘ഫിലിപ്പിനോ ജീപ്നി’യുടെ അലങ്കാരശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു വാഹനത്തിന്റെ രൂപകൽപ്പന. പരമ്പരാഗത ഫിലിപ്പിനോ വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തതും.
ഈ യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാക് മാധ്യമപ്രവർത്തകൻ പാക് നിർമിത ഇ-റിക്ഷയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനായ ഹസനാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം ഈ വാദം ഉന്നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം പാക് വാഹന നിർമാതാക്കളായ സാസ്ഗർ ഫിലിപ്പീൻസിൽ പ്രവർത്തനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
എന്നാൽ പ്രചരിക്കുന്ന വാദത്തിന് വിരുദ്ധമായി മോദി സഞ്ചരിച്ച ഓട്ടോറിക്ഷ ഇന്ത്യൻ കമ്പനിയായ ബജാജ് നിർമിച്ചതാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
ഇതോടെ പാകിസ്താനിൽനിന്നുള്ള അവകാശവാദത്തെ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്തു. ഇന്ത്യയുടെ നേട്ടങ്ങൾ പോലും സ്വന്തം രാജ്യത്തിന്റേതായി അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്ന പരിഹാസവുമായി നിരവധി പേർ രംഗത്തെത്തി.
‘ഇന്ത്യ നിർമിക്കുന്നു, പാകിസ്താൻ തെറ്റിദ്ധരിപ്പിക്കുന്നു’, ‘യാഥാർഥ്യം അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്’, ‘ഇന്ത്യയുടെ നേട്ടങ്ങളിൽ അവകാശവാദം ഉന്നയിക്കുന്നതിന്റെ കാരണം ഇപ്പോൾ മനസ്സിലായി’ തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
മോദിയുടെ മനില യാത്രയിലെ ഒരു വാഹനദൃശ്യം പോലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. യഥാർഥത്തിൽ ഇന്ത്യൻ നിർമിത വാഹനമായിരുന്നിട്ടും പാക് നിർമിതമെന്ന തരത്തിൽ പ്രചരിപ്പിച്ചതോടെ അവകാശവാദത്തിന്റെ വിശ്വാസ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.


