ഷൊർണൂർ: കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശിയായ വ്യാപാരി ഷൊർണൂർ റെയിൽവേ പോലീസിന്റെ പിടിയിലായി.
മലപ്പുറം അങ്ങാടിപ്പുറം അട്ടേരി പരിയാപുരം പുതുക്കുടി സ്വദേശി മുഹമ്മദ് സഹറിനെയാണ് (37) പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ചെറുതുരുത്തിക്കും ഷൊർണൂരിനുമിടയിൽ വെച്ചായിരുന്നു ട്രെയിൻ യാത്രക്കാരെയും പൊതുസമൂഹത്തെയും ഞെട്ടിച്ച സംഭവം നടന്നത്.
റെയിൽവേ പോലീസ് നൽകുന്ന വിവര പ്രകാരം, ട്രെയിൻ യാത്രയ്ക്കിടെ പ്രതി യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു.
എന്നാൽ, ഭയന്നുപിന്മാറാതെ യുവതി സംഭവസ്ഥലത്തു വെച്ചുതന്നെ ശക്തമായി പ്രതികരിച്ചു.
യുവതി ശബ്ദമുയർത്തിയതോടെ പരിഭ്രാന്തനായ പ്രതി, തീവണ്ടി ഷൊർണൂർ സ്റ്റേഷനിൽ എത്തിയതോടെ കംപാർട്ട്മെന്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
തുടർന്ന് പോലീസിന്റെയും യാത്രക്കാരുടെയും കണ്ണ് വെട്ടിച്ച് ഇയാൾ ട്രെയിനിലെ മറ്റൊരു കംപാർട്ട്മെന്റിൽ കയറി ഒളിക്കുകയും ചെയ്തു.
ആക്രമണത്തിനിരയായിട്ടും മനസ്സാന്നിധ്യം കൈവിടാതെ യുവതി എടുത്ത ധീരമായ നിലപാടാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിച്ചത്.
പ്രതി ഓടി രക്ഷപ്പെടുന്നതിനിടയിൽ യുവതി സ്വന്തം മൊബൈൽ ഫോണിൽ ഇയാളുടെ ചിത്രം പകർത്തിയിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ സഹിതം യുവതി റെയിൽവേ പോലീസിന് ഇ-മെയിൽ വഴി ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
ഇമെയിൽ പരാതി ലഭിച്ചയുടൻ തന്നെ ഷൊർണൂർ റെയിൽവേ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
പ്രതിയുടെ ചിത്രം ലഭിച്ച റെയിൽവേ പോലീസ് ഇത് തങ്ങളുടെ ഔദ്യോഗിക ‘ജനമൈത്രി വാട്സാപ്പ്’ ഗ്രൂപ്പുകളിലേക്ക് കൈമാറി.
ഈ ഗ്രൂപ്പുകൾ വഴി ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ഒളിത്താവളം പെരിന്തൽമണ്ണയിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ പെരിന്തൽമണ്ണയിലെത്തിയ പോലീസ് സംഘം മുഹമ്മദ് സഹറിനെ വളഞ്ഞുപിടികൂടുകയായിരുന്നു. പെരിന്തൽമണ്ണയിൽ വിവിധ വ്യാപാരസ്ഥാപനങ്ങൾ നടത്തിവരുന്നയാളാണ് പിടിയിലായ സഹർ.
ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ മുൻപും പ്രതിയായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വധശ്രമം, അടിപിടി, കഞ്ചാവുകടത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം മുൻപ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഷൊർണൂർ റെയിൽവേ പോലീസ് എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരായ നിഷാദ്, സജിത്, മനോജ് എന്നിവരും
ആർ.പി.എഫ്. ക്രൈം ഇന്റലിജന്റ്സ് ബ്രാഞ്ചിലെ എ.എസ്.ഐ. ഷിജു, പ്രസാദ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


