Top News
white car targets schoolboy!

കൊല്ലത്ത് ട്യൂഷന് പോകാൻ നിന്ന ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതികൾക്കു പിന്നാലെ കൊല്ലത്തും സമാനമായ സംഭവം നടന്നതായി പരാതി. പട്ടാഴി ഇരുപ്പാക്കുഴിയിൽ ട്യൂഷന് പോകാനായി വീടിന് സമീപം കാത്തുനിന്ന ഒന്നാം ക്ലാസുകാരനെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ട്യൂഷന് പോകാനായി റോഡരികിൽ നിന്ന കുട്ടിയുടെ സമീപത്ത് വെള്ള നിറത്തിലുള്ള കാർ എത്തി നിൽക്കുകയും കാറിലുണ്ടായിരുന്നവർ വാഹനത്തിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. എന്നാൽ കുട്ടി കാറിൽ കയറിയില്ല.

കുട്ടിയെ പതിവായി ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്ന സമീപവാസിയായ സ്ത്രീ സ്കൂട്ടറിലെത്തിയതോടെ കാർ സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നാണ് പരാതി.

കാറിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരുണ്ടായിരുന്നുവെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. കാറിന്റെ മുൻസീറ്റിൽ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നെന്നും പിൻസീറ്റിൽ മുടി വളർത്തിയ ഒരാളും മറ്റൊരാളും ഉണ്ടായിരുന്നെന്നും കുട്ടിയുടെ ബന്ധു വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

പത്തനംതിട്ടയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതികൾ ഉയർന്നതിന് പിന്നാലെ അതേ ദിവസം കൊല്ലത്തും സമാനമായ പരാതി ഉയർന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *