കണ്ണൂർ ജില്ലയിലെ മാലൂരിൽ വലിയൊരു പുലിഭീതിക്ക് താത്ക്കാലിക വിരാമം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്.
കെ പി ആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കൃഷിയിടം. പുലർച്ചെ കൃഷിയിടത്തിൽ നിന്നും അസാധാരണമായ ശബ്ദം പുറത്തുവന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ഉടൻ തന്നെ പരിശോധന നടത്തി. ഈ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിക്കിടക്കുന്നത് നാട്ടുകാർ കണ്ടത്.
ഉടൻതന്നെ നാട്ടുകാർ കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തേക്ക് കുതിച്ചെത്തി.
തുടർന്ന് വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെക്കുകയായിരുന്നു. പുലിയുടെ ആരോഗ്യനില പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനമെടുത്തിട്ടുണ്ട്.
ആരോഗ്യ പരിശോധനയ്ക്ക് ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കുമോ എന്ന് വനംവകുപ്പ് അറിയിക്കും. കഴിഞ്ഞ ദിവസം ചെങ്ങളായിയിലും പുലി ഇറങ്ങിയിരുന്നു.
ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. തുടർച്ചയായ പുലിസാന്നിധ്യം പ്രദേശത്തെ ജനങ്ങളിൽ കടുത്ത ഭീതി പരത്തിയിരുന്നു.


