സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ സ്‌ഫോടന പരമ്പര. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നഗരത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
നഗരഹൃദയത്തിലെ ഫോർ സീസൺസ് ഹോട്ടലിന് സമീപമാണ് രണ്ട് സ്‌ഫോടനങ്ങൾ നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്‌പി ആണ് വാർത്ത പുറത്തുവിട്ടത്. ചപ്പുചവറുകൾക്കിടയിൽ ഒളിപ്പിച്ച ബോംബും ഹോട്ടലിന് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായിരുന്ന സ്‌ഫോടകവസ്തുവുമാണ് പൊട്ടിത്തെറിച്ചത്.
സംഭവം നടക്കുമ്പോൾ പ്രസിഡന്റ് മാക്രോൺ ഹോട്ടലിലുണ്ടായിരുന്നില്ല. അദ്ദേഹം പ്രസിഡൻഷ്യൽ പാലസിലേക്ക് മാറിയിരുന്നു. സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരികയാണ്.
ഫ്രഞ്ച് പ്രസിഡന്റ് സുരക്ഷിതനാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സന്ദർശനം തടസ്സമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങളോ ഉണ്ടായോ എന്നതിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങളില്ല.
ഉയർന്ന സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നഗരമധ്യത്തിൽ സ്‌ഫോടനമുണ്ടായത് സിറിയയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയ ആശങ്ക ഉയർത്തുന്നുണ്ട്. പ്രദേശത്ത് സൈന്യം കർശന സുരക്ഷാ പരിശോധന തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


