തമിഴ്‌നാട്ടിൽ എം.ടി.സി പുതിയ മിനിബസുകൾക്ക് ഭരണകക്ഷിയായ ടി.വി.കെ.യുടെ പാർട്ടികൊടിയുടെ നിറങ്ങൾ നൽകുന്നത് വലിയ ചർച്ചയാവുകയാണ്. നഗരപരിധികളിൽ സർവീസ് നടത്തുന്ന ബസുകൾക്കാണ് ഈ പുതിയ മാറ്റം വരുത്തിയിരിക്കുന്നത്. തിളക്കമുള്ള മഞ്ഞയും ചുവപ്പും നിറങ്ങളാണ് ടി.വി.കെ. കൊടിയിലുള്ളത്.
ഇതേ നിറം പുതിയ എം.ടി.സി. മിനി ബസുകൾക്കും നൽകുകയായിരുന്നു. ഇത്തരത്തിൽ നിറംപൂശിയ ബസുകളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചു. ഇതിനെതിരെ നിരവധി വിമർശനങ്ങളും പ്രശംസകളും ഒരുപോലെ ഉയരുന്നുണ്ട്.
സ്‌കൂൾ, കോളേജ് ബസുകൾക്കുള്ളതുപോലെ കടും മഞ്ഞ നിറമാണ് ഉപയോഗിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഭരണം മാറുമ്പോൾ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആശയക്കുഴപ്പത്തിലാക്കുന്നു.
പാർട്ടികളുടെ നിറം ഒഴിവാക്കി ഒരു പൊതു നിറത്തിൽ ഉറച്ചുനിൽക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. തിരുച്ചിറപ്പള്ളിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് എം.ടി.സി.യുടെ 300 മിനി ബസുകൾ ചായംപൂശി തയ്യാറാക്കുന്നത്. പുതിയ നിറം സർക്കാർ അന്തിമമാക്കുമെന്നാണ് എം.ടി.സി. വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഡി.എം.കെ. സർക്കാർ സ്ത്രീകൾക്കുള്ള സൗജന്യ ബസുകളിൽ ‘മഗലിർ വിഡിയൽ പയനം’ എന്നാണ് നേരത്തേ ബോർഡ് പ്രദർശിപ്പിച്ചിരുന്നത്.
എന്നാൽ സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിൽ നിന്നും ‘വിഡിയൽ’ എന്ന വാക്ക് നീക്കം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് ടി.വി.കെ. സർക്കാർ മുൻപും കനത്ത വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.


