കോഴിക്കോട്: ലഹരി മാഫിയക്കെതിരായ സംസ്ഥാന സർക്കാരിന്റെ ശക്തമായ ബോധവൽക്കരണ-നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്തെത്തി.
കാരന്തൂരിലെ മർകസ് സമുച്ചയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കാന്തപുരവും സമകാലിക സാമൂഹിക വിഷയങ്ങൾ, ലഹരി വ്യാപന ഭീഷണി, കേരളത്തിന്റെ വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.
അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ യുവതലമുറയെ ബാധിക്കുന്ന ലഹരി ഉപയോഗത്തിന്റെ വ്യാപനം ഗൗരവമായ സാമൂഹിക വെല്ലുവിളിയാണെന്ന് ഇരുവരും വിലയിരുത്തിയതായി വിവരമുണ്ട്.
കേരള ആഭ്യന്തര വകുപ്പും കേരള പൊലീസും സംയുക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദ് നർകോ ഹണ്ട്’ ക്യാംപെയ്‌നിന് മത-സാമൂഹിക സംഘടനകളുടെ പിന്തുണ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും അതിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും മർകസ് സംവിധാനത്തിന്റെയും പൂർണ സഹകരണവും പങ്കാളിത്തവും ക്യാംപെയ്‌നിന് ലഭിക്കുമെന്ന് കാന്തപുരം ഉറപ്പുനൽകി.
തുടർന്ന് കാന്തപുരത്തെ ‘തൂഫാൻ വാരിയർ’ ആയി പ്രഖ്യാപിച്ച് മന്ത്രി പ്രത്യേക ബാഡ്ജ് അണിയിക്കുകയും ക്യാംപെയ്ൻ പതാക കൈമാറുകയും ചെയ്തു.
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും വലിയ തോതിൽ താമസിക്കുന്ന സാഹചര്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു.
ലഹരി കടത്ത് ശൃംഖലകളുടെ അന്യസംസ്ഥാന ബന്ധങ്ങൾ കണ്ടെത്തുന്നതിനും വിവിധ ഭാഷകളിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാന്തപുരത്തിന്റെ നിർദേശം ശ്രദ്ധയിൽപ്പെട്ട മന്ത്രി, ഉത്തരമേഖല ഐജിയും ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യയെ ഉടൻ തന്നെ ഈ നിർദേശം പരിഗണിക്കാൻ നിർദേശിച്ചതായും അറിയുന്നു.
കൂടിക്കാഴ്ചയിൽ എം.കെ. രാഘവൻ എംപി, ഉത്തരമേഖല ഐജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ എംഎൽഎ, എംഎൽഎമാരായ കെ. ജയന്ത്, എം.എ. റസാഖ്, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പങ്കെടുത്തു.


