Top News
National news

യുപിയിലെ മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ അഴുകിയ മൃതദേഹം

ഉത്തർപ്രദേശിലെ ദിയോറിയയിലെ സർക്കാർ മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കുട്ടികളും അധികൃതരും കുടിക്കാനായി ഉപയോഗിച്ചിരുന്ന വാട്ടർ ടാങ്കിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ദിയോറിയയിലെ മഹർഷി ദേവ്രഹ ബാബ മെഡിക്കൽ കോളേജിലാണ് സംഭവം. വെള്ളത്തിന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് അഞ്ചാം നിലയിലുള്ള കുടിവെള്ള ടാങ്ക് ജീവനക്കാർ പരിശോധിച്ചത്. പിന്നാലെ ടാങ്കിൽ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇക്കാലയളവിൽ ഈ വാട്ടർ ടാങ്കിൽനിന്നും ആശുപത്രിയിലെ ഒപിഡി ഡിപാർട്‌മെന്റിലേക്കും വാർഡുകളിലേക്കും വെള്ളം എത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതിനായി ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തൽ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ രാജേഷ് കുമാർ ചുമതലയിൽ നിന്നും താൽകാലികമായി ഒഴിഞ്ഞു. അഞ്ചാം നിലയിലായി അടച്ചിടേണ്ടിയിരുന്ന വാട്ടർ ടാങ്ക് തുറന്നു കിടക്കുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പൊലീസ് സീൽ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *