തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ കൂടുതൽ ജനസംഖ്യയുള്ള ജില്ലകൾ വിഭജിച്ച് കേരളത്തിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നതായി സൂചന.
സംസ്ഥാന ബജറ്റിൽ ഇതുസംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക കമ്മിഷനെ നിയമിക്കുമെന്ന പ്രഖ്യാപനമാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകരിക്കപ്പെട്ട ജില്ല കാസർകോടാണ്. 1984-ലായിരുന്നു കാസർകോട് ജില്ല നിലവിൽ വന്നത്.
അതിന് ശേഷം സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിച്ചിട്ടില്ല. അതേസമയം, ഏകദേശം 12 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി പുതിയ താലൂക്കുകൾ നിലവിൽ വന്നത്.
പുതിയ സെൻസസ് വിവരങ്ങൾ പുറത്തുവന്നതിന് ശേഷം ജനസംഖ്യാ പ്രാതിനിധ്യം, ഭരണസൗകര്യം, വികസന ആവശ്യകതകൾ തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിച്ചായിരിക്കും.
പുതിയ ജില്ലകൾ രൂപീകരിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതിയ ജില്ലകൾക്കായുള്ള ആവശ്യങ്ങൾ വർഷങ്ങളായി ഉയരുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധ നേടിയ നിർദ്ദേശമാണ് മൂവാറ്റുപുഴ ജില്ല. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം നിയോജക മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നു.
മലപ്പുറം ജില്ല വിഭജിച്ച് തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂർ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും പല ഘട്ടങ്ങളിലായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മലപ്പുറത്തിന്റെ മറ്റ് ഭാഗങ്ങൾ ഉൾപ്പെടുത്തി മഞ്ചേരി ആസ്ഥാനമായുള്ള മറ്റൊരു ജില്ലയ്ക്കായും നിർദ്ദേശങ്ങൾ ഉയർന്നിട്ടുണ്ട്.
ഇതിന് പുറമേ, പാലക്കാട് ജില്ല വിഭജിച്ച് ഷൊർണൂർ ആസ്ഥാനമായുള്ള പുതിയ ജില്ല, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മേഖലകൾ ഉൾപ്പെടുന്ന പുതിയ ജില്ല.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയും നെയ്യാറ്റിൻകരയും ഉൾപ്പെടുത്തി പുതിയ ജില്ല എന്നിവയും വിവിധ കാലഘട്ടങ്ങളിൽ ചർച്ചയായ നിർദ്ദേശങ്ങളാണ്.
ജില്ലാ രൂപീകരണ ആവശ്യങ്ങൾക്കൊപ്പം പുതിയ താലൂക്കുകൾ രൂപീകരിക്കണമെന്ന ആവശ്യവും വിവിധ പ്രദേശങ്ങളിൽ ശക്തമാണ്. ഭരണസൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉയരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
എന്നിരുന്നാലും, പുതിയ ജില്ലകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ അന്തിമ തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പഠന കമ്മിഷന്റെ റിപ്പോർട്ടും പുതിയ സെൻസസ് വിവരങ്ങളും ലഭ്യമായ ശേഷമാകും വിഷയത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുക.


