വിമാന ഇന്ധന നിരക്ക് കുത്തനെ വർധിപ്പിച്ച് ഇൻഡിഗോ.
ആഭ്യന്തര വിമാന സർവീസുകൾക്കും അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വ്യത്യസ്തമായ നിരക്കിലാണ് വർധന.
വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ ഇത് കാരണമാകും. ഒക്ടോബർ ആറ് മുതലാണ് പുതിയ നിരക്ക് ഈടാക്കുക.
വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവൽ അഥവാ എടിഎഫ് വില കൂടിയതിനാലാണ് ഇൻഡിഗോയുടെ നടപടി.
മറ്റു വിമാന കമ്പനികളും ഇൻഡിഗോയുടെ പാത പിന്തുടർന്നേക്കും. ഇതോടെ മൊത്തം വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഉയരും.
എടിഎഫിന്റെ പ്രതിമാസ വർധനവ് 14 ശതമാനമായി ഉയർന്ന സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിക്കുന്നത് എന്ന് കമ്പനി അറിയിക്കുന്നു.
വിമാന യാത്രയുടെ 40 ശതമാനം ചെലവ് ഇന്ധനത്തിനാണ്. അതുകൊണ്ടുതന്നെ ഇന്ധന വില വർധിപ്പിച്ചാൽ സ്വാഭാവികമായും ടിക്കറ്റ് നിരക്കും ഉയരും.
ആഭ്യന്തര വിമാന ഇന്ധന വില വർധിപ്പിച്ചത് ദൂരപരിധിയുടെ അടിസ്ഥാനത്തിലാണ്. 500 കിലോമീറ്റർ വരെയുള്ള യാത്രക്കാർ 375 രൂപ ഇന്ധന നിരക്കായി നൽകേണ്ടി വരും.
1000 കിലോമീറ്റർ വരെയുള്ള യാത്രക്കാരുടെ ഇന്ധന നിരക്ക് 600 രൂപയാകും.
1500 കിലോമീറ്റർ വരെയുള്ള യാത്രക്കാരുടെ ഇന്ധന നിരക്ക് 900 രൂപയാകും. 2000 കിലോമീറ്റർ വരെയുള്ള യാത്രക്കാരുടെ ഇന്ധന നിരക്ക് 1300 രൂപയാകും.
അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഇന്ധന നിരക്കിലും മാറ്റം വരുത്തി.
500 കിലോമീറ്റർ വരെ ദൂരമുള്ള സാർക്ക് രാജ്യങ്ങളിലേക്ക് 1000 രൂപയാകും ഇന്ധന നിരക്ക്. ഇതിന് മുകളിലുള്ള ദൂരത്തിൽ 3000 രൂപയാകും.
തെക്ക് കിഴക്കൻ ഏഷ്യ, ജിസിസി, പശ്ചിമേഷ്യ എന്നീ മേഖലയിലേക്കുള്ള യാത്രക്കാർക്ക് ഇന്ധന നിരക്ക് 5500 രൂപയായി ഉയർത്തി. ആഫ്രിക്കയിലേക്ക് 6000 രൂപയും യൂറോപ്പിലേക്ക് 10000 രൂപയുമാക്കി.
എടിഎഫ് വില ജൂണിൽ ലിറ്ററിന് 115 രൂപയായിരുന്നു. ജൂലൈയിൽ 110 രൂപയായി കുറഞ്ഞു.
ഓഗസ്റ്റിൽ വില വീണ്ടും 115 രൂപയായി. സെപ്തംബറിൽ 121 രൂപയായി. ഒക്ടോബറിൽ വില 137 രൂപയായി ഉയർന്നു.
തുടർച്ചയായി ഇന്ധന വില ഉയരുന്ന സാഹചര്യത്തിലാണ് ഇൻഡിഗോ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഇന്ധന ചാർജ് വർധിപ്പിച്ചത്.
ആനുപാതികമായ നിരക്ക് വർധന ടിക്കറ്റിലും കാണും. അതായത്, യാത്രക്കാർക്ക് ഇന്ന് നൽകിയ ടിക്കറ്റ് നിരക്ക് ആകില്ല നാളെ മുതൽ.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് മുതലാണ് വിമാന കമ്പനികൾ ഇന്ധന സർചാർജ് നടപ്പാക്കി തുടങ്ങിയത്.
ജൂലൈയിൽ ഇന്ധന വില കുറഞ്ഞപ്പോൾ സർചാർജ് താഴ്ത്തിയിരുന്നു.
എന്നാൽ യുദ്ധം അവസാനിക്കില്ലെന്നും പ്രതിസന്ധി തുടരുമെന്നുമുള്ള വിവരങ്ങൾ വന്നതോടെയാണ് കിലോമീറ്റർ അടിസ്ഥാനമാക്കി ഇന്ധന നിരക്ക് വീണ്ടും വർധിപ്പിക്കാൻ ഇൻഡിഗോ തീരുമാനിച്ചത്.
സമാനമായ വർധന വൈകാതെ എയർ ഇന്ത്യയും ആകാശയും നടപ്പാക്കുമെന്നാണ് കരുതുന്നത്.
കുട്ടികൾ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾ, അധിക ബാഗേജ് എന്നിവയുടെ നിരക്ക് അടുത്തിടെ ഇൻഡിഗോ വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ധന നിരക്കിലും മാറ്റം വരുത്തിയിരിക്കുന്നത്.


