അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പശ്ചിമബംഗാൾ സ്വദേശിയായ യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
ചീരക്കടവിൽ ഞായറാഴ്ച ഉച്ചയോടെയാണ് കാലിമേക്കാനെത്തിയ നാട്ടുകാർ പുഴയോരത്ത് ഒഴുകിയെത്തിയ നിലയിൽ മൂന്ന് ചാക്കുകൾ കണ്ടെത്തിയത്. ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങളാണെന്ന് മനസ്സിലായതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. രണ്ടാമത്തെ ചാക്കിൽനിന്ന് ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെയും ശിരസ്സുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി.
മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള യുവതിയുടെ ശരീരഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ശരീരം ഇടുപ്പിന് സമീപം മടക്കി കൈകാലുകൾ ചേർത്തുവെച്ച് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷമാണ് ചാക്കിനുള്ളിൽ കയറ്റിയിരുന്നതെന്നാണ് കണ്ടെത്തൽ. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഫോറൻസിക് പരിശോധനയിൽ ശരീരഭാഗങ്ങൾക്ക് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ച് ദിവസത്തോളം മൃതദേഹങ്ങൾ വെള്ളത്തിൽ കിടന്നിരിക്കാമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാണ് ചാക്കുകൾ പുഴയോരത്ത് അടിഞ്ഞതെന്നാണ് കരുതുന്നത്.
മൃതശരീരങ്ങൾ മടക്കി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കുകളിൽ സൂക്ഷിച്ച രീതിയും സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന സംശയത്തിന് കാരണമായിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കും വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകൾ എവിടെനിന്നാണ് വാങ്ങിയതെന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മൃതദേഹങ്ങൾ പുഴയിൽ ഉപേക്ഷിച്ചത് എവിടെ നിന്നാണെന്നും കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.


