Top News
flight chaos

പൈലറ്റിനെ സഹപൈലറ്റ് കുത്തി: ദുബായ്–ടെൽ അവീവ് വിമാനം അടിയന്തര ലാൻഡിങ്

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഞെട്ടിക്കുന്ന സംഭവം. പൈലറ്റിനെ സഹപൈലറ്റ് കുത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ഫ്ലൈദുബായിയുടെ FZ1073 വിമാനത്തിലാണ് സംഭവം. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ 27 കുട്ടികളടക്കം 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

വിമാനം പറന്നുയർന്ന് ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് പൈലറ്റുമാർ തമ്മിൽ സംഘർഷമുണ്ടായത്. സഹപൈലറ്റ് പ്രധാന പൈലറ്റിനെ ആക്രമിക്കുകയും കുത്തുകയും ചെയ്തതായാണ് യാത്രക്കാർ പറയുന്നത്..

പൈലറ്റ് സഹായത്തിനായി നിലവിളിക്കുന്നത് കേട്ടതായും യാത്രക്കാർ പറയുന്നു . തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാർ ഇടപെട്ട് ആക്രമണം നടത്തിയ സഹപൈലറ്റിനെ കീഴ്പ്പെടുത്തി..

ഇതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം 14,125 അടിയിലേക്ക് കുത്തനെ താഴ്ന്നതായും പറയുന്നു.

വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവന്ന വിവരം.

റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആക്രമണം നടത്തിയതായി പറയപ്പെടുന്ന പൈലറ്റ് ഒമാൻ വംശജനാണ്. ഇസ്രായേലി ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞതനുസരിച്ച്, പൈലറ്റുമാരിൽ ഒരാൾ യുഎഇ സ്വദേശിയും മറ്റൊരാൾ ഒമാനിയുമാണ്. ഒമാനി സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും ഉദ്യോഗസ്ഥർ ആരോപിച്ചു.

എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഒടുവിൽ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. തബൂക്ക് സിവിലിയൻ-സൈനിക ഉപയോഗമുള്ള മേഖലയാണ്.

വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതോടെ വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതരുടെ അന്വേഷണത്തിന് പിന്നാലെ മാത്രമേ വ്യക്തമാകൂ.

Leave a Comment

Your email address will not be published. Required fields are marked *