ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT).
മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (RBC) അനുകൂലമായി മുൻമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടപെട്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
ഈ ഇടപെടലുകൾക്ക് പിന്നിൽ വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
സ്റ്റേഡിയം കൈമാറ്റത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ.
പ്രതിദിനം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ട് മാസവും നാല് ദിവസവും സൗജന്യമായി വിട്ടുനൽകിയതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായെന്നാണ് കണ്ടെത്തൽ.
മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഇതിനായി ഏകോപിച്ച് പ്രവർത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ഇതിന് വ്യക്തമായ കരാർ പോലും ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനുള്ള ഗവർണറുടെ അനുമതിക്ക് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്.
എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിക്കും. കേസിൽ കൂടുതൽ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്.


