Top News
Needle Found Inside Baby

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്, കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ജനിച്ച ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ കുഞ്ഞിനാണ് ഈ ദുരനുഭവം ഉണ്ടായത് . കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയ്ക്കും തുടർന്ന് നടത്തിയ ശസ്ത്രക്രിയയ്ക്കുമിടയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്…. കുഞ്ഞ് ജനിച്ച സമയത്ത് തന്നെ ശരീരത്തിൽ അസ്വാഭാവികമായ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ അന്നുമുതൽ ഡോക്ടർമാർ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഒരു വർഷത്തോളമായി കുഞ്ഞിന് വേദനയും ശരീരത്തിൽ തടിപ്പും ഉണ്ടായിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു കുഞ്ഞിന്റെ ജനനം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടർന്ന് കുഞ്ഞിനെ നിയോനേറ്റൽ ഇൻറൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

തടിപ്പിന്റെ കാര്യം കോട്ടയം മെഡിക്കൽ കോളേജിൽ അറിയിച്ചെങ്കിലും നടത്തിയ സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബം പറയുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് കൃത്യമായി സ്കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. തുടർന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തതിന് പിന്നാലെയാണ് കുടുംബം ചികിത്സാ പിഴവ് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്.

സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ചികിത്സയ്ക്കിടെ സൂചി എങ്ങനെയാണ് ശരീരത്തിനുള്ളിൽ കുടുങ്ങിയതെന്നും തുടർന്നുള്ള പരിശോധനകളിൽ ഇത് കണ്ടെത്താതെ പോയതിന്റെ കാരണമെന്തെന്നും അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണം പൂർത്തിയായ ശേഷമായിരിക്കും സംഭവത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.

Leave a Comment

Your email address will not be published. Required fields are marked *