Top News
re-tender approved

മരുന്ന് പ്രതിസന്ധിയിൽ സർക്കാർ അടിയന്തര നടപടികളിലേക്ക്: റി-ടെൻഡറിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകാരം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക്.

മരുന്നുകളുടെ റി-ടെൻഡർ നടപടികൾക്ക് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകാരം നൽകി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് റി-ടെൻഡർ നടപടികൾ വേഗത്തിലാക്കിയത്.

പുതിയ സ്റ്റോക്കിനായുള്ള പർച്ചേസ് ഓർഡർ വൈകിയതിന് തെരഞ്ഞെടുപ്പാണ് കാരണമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ട ശേഷമാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്.

ഇതിനിടെ, ചില മരുന്നുകൾക്ക് റി-ടെൻഡർ ആവശ്യമായി വന്നു. ഈ നടപടികൾ പൂർത്തിയാക്കുന്നതിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ നേരിട്ട കാലതാമസം വലിയ വിവാദമായതോടെയാണ് ഇപ്പോൾ നടപടികൾ വേഗത്തിലാക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി മറികടക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നുകൾ എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളുമായി സഹകരിച്ച് മരുന്ന് ലഭ്യമാക്കാനുള്ള നീക്കത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

മരുന്ന് വിതരണവുമായി ബന്ധപ്പെട്ട കുടിശ്ശിക തീർക്കുന്നതിനായി ധനവകുപ്പിൽ നിന്ന് അടിയന്തര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

റി-ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പുതിയ സ്റ്റോക്ക് എത്തിക്കുന്നതോടെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *