സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് (ഒക്ടോബർ 22) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ടും നിലവിലുണ്ട്. ഞായറാഴ്ച വരെ മഴ ശക്തമായി തുടരാൻ സാധ്യതയുള്ളതിനാൽ മലയോര, തീരദേശ മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
വരും ദിവസങ്ങളിലും മഴ കനക്കും
ഒക്ടോബർ 24-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒക്ടോബർ 25-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
ഒക്ടോബർ 22-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒക്ടോബർ 23-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ഒക്ടോബർ 24-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും
ഒക്ടോബർ 25-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
തീരദേശ മേഖലകളിലുള്ളവരും അധികൃതരുടെ നിർദേശങ്ങൾ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ കഴിയുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് നിർദേശിക്കുന്നു.


