യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്ത കേസിൽ റിമാൻഡിലായിരുന്ന നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും ജയിൽ മോചിതരായി.
കേസിലെ മറ്റൊരു പ്രതിയായ കെ.ബി. വിഷ്ണുവും പുറത്തിറങ്ങി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മൂവർക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാക്കനാട് വനിതാ ജയിലിൽനിന്നാണ് അതുല്യ ചന്ദ്ര പുറത്തിറങ്ങിയത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളും ജയിൽ മോചിതരായി.
ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് യുവ ഡോക്ടറെ കൊച്ചി പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് ഡോക്ടറെ തടഞ്ഞുവെച്ച് മർദിക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ്സ് എന്നിവ കവർന്നെടുക്കുകയും ചെയ്തെന്നാണ് പ്രതികൾക്കെതിരായ കേസ്.
കഴിഞ്ഞ അഞ്ചിനാണ് അതുല്യ ചന്ദ്രയെയും സംഘത്തെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, കേസിലെ പരാതിക്കാരനായ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ ബലാത്സംഗക്കേസും നിലവിലുണ്ട്.
പ്രതികളിലൊരാളുടെ ബന്ധുവിനെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയിലാണ് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. ഇതേത്തുടർന്ന് ഡോക്ടർ ഒളിവിലാണ്.
ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇരുകേസുകളിലെയും തുടർനടപടികൾ നിർണായകമാകുകയാണ്.


