Top News
വൈപ്പിൻ കപ്പൽ തീപിടുത്തം

വൈപ്പിനിൽ സ്വകാര്യ ഷിപ്പ് യാർഡിൽ വൻ തീപിടുത്തം

കൊച്ചി: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന ‘സീ ബ്ലൂ’ എന്ന ഷിപ്പ് യാർഡിലാണ് അപകടം നടന്നത്.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയർന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയ കപ്പലാണിത്. അതിനാൽ കപ്പലിൽ ഉയർന്ന അളവിൽ ഇന്ധനം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഇത് തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കൂടാതെ, കപ്പലിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിന്റും മറ്റ് ജ്വലന വസ്തുക്കളും കത്തുന്നതിനാലുണ്ടായ കനത്ത പുക ഫയർഫോഴ്‌സിന് ഉള്ളിലേക്ക് കടക്കാൻ തടസ്സമാകുന്നുണ്ട്. സമീപത്തുള്ള മറ്റ് കപ്പലുകളിലേക്കും ബോട്ടുകളിലേക്കും തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സേന സ്വീകരിച്ചിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ ഷിപ്പ് യാർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തി. യാർഡ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രദേശവാസികളുടെ പ്രധാന പരാതി.

പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമോ ലംഘിച്ചുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ഈ യാർഡിൽ നിന്നുള്ള ശബ്ദ-വായു മലിനീകരണം ദുസ്സഹമാണെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

വൈപ്പിൻ, ക്ലബ് റോഡ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് തുടരുന്നുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അറ്റകുറ്റപ്പണിക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് കട്ടറുകളിൽ നിന്നാണോ തീ പടർന്നതെന്ന് പരിശോധിക്കുമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. കപ്പലിന്റെ എൻജിൻ ഭാഗത്താണ് ആദ്യം തീ കണ്ടത്.

കപ്പലിന്റെ മുകൾത്തട്ടിൽ ആളുകൾ ജോലി ചെയ്യാതിരുന്ന സമയത്താണ് അപകടം സംഭവിച്ചത് എന്നത് ആശ്വാസമാണ്. നിലവിൽ വൻ സുരക്ഷാ സന്നാഹമാണ് സ്ഥലത്തുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു