സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി അറിയിച്ചു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരാനും പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നൽകി.
സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പ്രവാസികൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ്. മുഖേന ലഭിക്കുന്ന സേവനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
സാഹചര്യം അനുസരിച്ച് കൂടുതൽ നിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ സൗജന്യ ഹെൽപ്പ് ലൈൻ ഉപയോഗിക്കാം. ടോൾ ഫ്രീ നമ്പർ: 8002471234.
ഔദ്യോഗിക അറിയിപ്പുകൾക്കും സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സാമൂഹിക മാധ്യമ പേജുകളും നിരന്തരം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


