പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ ഒമാൻ തീരത്തിന് സമീപം രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഹോർമൂസ് കടലിടുക്കിന് സമീപം ഖസബ് തുറമുഖ നഗരത്തിന് പടിഞ്ഞാറ് നാല് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
ആക്രമണത്തിൽ ഒരു കപ്പലിൽ തീപിടിച്ചതായും രണ്ടാമത്തെ കപ്പലിന്റെ സ്ഥിതിയെക്കുറിച്ച് വ്യക്തതയില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിനിരയായ കപ്പലുകളുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പ്രദേശത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും UKMTO നിർദേശം നൽകി.
ഇതിനിടെ ഖസബിന് സമീപം ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് ആളില്ലാ ഉപരിതല വാഹനമായ ‘സെയിൽഡ്രോൺ എക്‌സ്‌പ്ലോറർ’ ആക്രമിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ ചിത്രങ്ങളും ഇറാൻ വാർത്താ ഏജൻസിയായ തസ്‌നിം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ സെയിൽഡ്രോൺ ആക്രമണത്തിൽ യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.


