തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിലാണ് നിലവിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലും പ്രത്യേക ജാഗ്രത തുടരുന്നുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനം അതീവ ജാഗ്രത പാലിക്കണം.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നത് കർശനമായി നിരോധിച്ചു. തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇവിടെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാം. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയർന്നേക്കാം.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മലയോര മേഖലയിലുള്ളവർ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറായിരിക്കണം.


