Top News
saudi strikes back! gulf tensions rise

റിയാദിനെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സൗദി, ഗൾഫിൽ സംഘർഷം രൂക്ഷം

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നു.

യമനിലെ വിവിധ മേഖലകളിൽ സൗദി വ്യോമാക്രമണം ശക്തമാക്കിയപ്പോൾ സൗദിയിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂതികളും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. മേഖലയിൽ തുടർച്ചയായ സ്ഫോടനങ്ങളും സൈനിക നീക്കങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാവുകയാണ്.

യമനിലെ ഹാർഫ് സൂഫ്യാൻ, അൽഖ്വാനാവിസ്, അൽ ഹാസ്വം തുടങ്ങിയ മേഖലകളിലും കമറാൻ ദ്വീപിലും സൗദി വ്യോമാക്രമണം നടത്തിയതായി ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അൽമസീറ ടിവി റിപ്പോർട്ട് ചെയ്തു.

കമറാൻ ദ്വീപിൽ രണ്ടുതവണ ആക്രമണമുണ്ടായതായും റിപ്പോർട്ടിലുണ്ട്. സൗദി ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഹൂതി അധികൃതർ അവകാശപ്പെട്ടു.

എന്നാൽ ഈ കണക്കുകൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സൗദിയിലെ ഖാമിസ് മുഷൈത്തിലെ വ്യോമതാവളത്തെ ലക്ഷ്യമിട്ട് യെമനിലെ സായുധസേന ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

റിയാദിൽ തുടർച്ചയായി സ്ഫോടനശബ്ദങ്ങൾ കേട്ടതായി എഎഫ്പിയും റിപ്പോർട്ട് ചെയ്തു. സൗദി വ്യോമപ്രതിരോധ സംവിധാനം റിയാദിനെ ലക്ഷ്യമിട്ട മിസൈലുകളും ഖാമിസ് മുഷൈത്തിനെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്ന ആശങ്കയ്ക്കിടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ആദ്യം തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ നടത്തിയശേഷം ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് വിമാനത്താവളത്തെ ലക്ഷ്യമിട്ടെന്നാണ് പ്രാഥമിക വിവരങ്ങൾ.

ഹൂതികളുടെ ആക്രമണരീതിയും പ്രതിരോധ സംവിധാനത്തിലെ വീഴ്ചകൾക്കുള്ള സാധ്യതകളും പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

സംഘർഷം വർധിക്കുന്നതിനിടെ നയതന്ത്ര ഇടപെടലിന് സന്നദ്ധത അറിയിച്ച് ഇറാനും രംഗത്തെത്തി.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾക്ക് വഴിയൊരുക്കാമെന്ന് അറിയിച്ചതായാണ് വിവരം. സൈനിക നീക്കങ്ങൾ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കും ദമാമിലേക്കുമുള്ള വിമാന സർവീസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.

ഗൾഫ് എയർ, ഇത്തിഹാദ് സർവീസുകളെയും നിയന്ത്രണങ്ങൾ ബാധിച്ചതായാണ് വിവരം. യാത്രക്കാർ വിമാനങ്ങളുടെ പുതുക്കിയ സമയവിവരങ്ങൾ പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശിച്ചിട്ടുണ്ട്.

അതിനിടെ, ഹൂതികളുടെ നടപടികളെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. അമേരിക്ക യെമനിലെ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഹൂതികൾ തിരിച്ചടിക്കുകയും ചെയ്തു.

റിയാദിനെ ലക്ഷ്യമിട്ട ആക്രമണങ്ങളും യമനിലെ സൗദി വ്യോമാക്രമണങ്ങളും വിമാന സർവീസുകളിലെ നിയന്ത്രണങ്ങളും ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുങ്ങുമോ, അതോ ഏറ്റുമുട്ടൽ കൂടുതൽ ശക്തമാകുമോ എന്നതാണ് ഇനി ഉറ്റുനോക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *