Top News
മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ കേരള ബജറ്റ് അവതരിപ്പിക്കുന്നു.

കേരള ബജറ്റ്: ‘മിഷൻ സമുദ്ര’ പദ്ധതിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തെ ഒരു മികച്ച മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ ലക്ഷ്യമിട്ട് പുതിയ ബജറ്റ് പ്രഖ്യാപനം. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി.സതീശൻ നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. പുതിയ യു.ഡി.എഫ്.

സർക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗമാണിത്. അടിസ്ഥാനസൗകര്യ വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്നതാണ് ഈ ബജറ്റ്.

കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശവും ജലസ്രോതസ്സുകളും സംയോജിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ആഗോള മാരിടൈം ഭൂപടത്തിൽ കേരളത്തെ വലിയൊരു സമുദ്രശക്തിയായി മാറ്റുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ‘മിഷൻ സമുദ്ര’ എന്ന സവിശേഷ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കും.

റോഡുകളും സമുദ്രതീരങ്ങളും ഉൾനാടൻ ജലപാതകളും പരസ്പരം ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വികസന മുന്നേറ്റത്തിനായി ഉടൻതന്നെ പുതിയ കേരള മാരിടൈം പോളിസി രൂപീകരിക്കും.

തീരദേശ വികസനത്തിന് 400 കോടി രൂപ

മിഷൻ സമുദ്ര പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 400 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. സംസ്ഥാനത്ത് ഒരു അത്യാധുനിക മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗ്രീൻ ബങ്കറിങ് കേന്ദ്രമാക്കി മാറ്റും. വിഴിഞ്ഞത്തിനൊപ്പം അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളും വികസിപ്പിക്കാൻ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

മദർഷിപ്പുകളുടെ നിർമാണം ലക്ഷ്യമിട്ട് പുതിയൊരു കപ്പൽ നിർമാണ കേന്ദ്രം കേരളത്തിൽ ആരംഭിക്കും. തീരദേശവാസികൾക്കായി തൊഴിൽ കേന്ദ്രങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബും സാമ്പത്തിക മേഖലയും

കേരളത്തെ അന്താരാഷ്ട്ര ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റാൻ 200 കോടി രൂപ നീക്കിവെച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഒരു ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കും. ശാസ്ത്ര സാങ്കേതിക മേഖലയുടെ വികസനത്തിനായി സ്‌പേസ് പാർക്കിന് 5 കോടി രൂപ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ തെക്കൻ ജില്ലകളെ പരസ്പരം യോജിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ മൂന്ന് ജില്ലകളെയും തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയാക്കും.

ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസ പദ്ധതികളും

സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ‘വൺ കേരള കരുതൽ മിഷൻ’ ആരംഭിക്കും. യുവതലമുറയ്ക്ക് സംസ്ഥാനത്തുതന്നെ മികച്ച അവസരങ്ങൾ കണ്ടെത്താൻ പുതിയ വികസന പദ്ധതികൾ കൊണ്ടുവരും.

കേരള നോളജ് വാലിയും പുതിയ സർവകലാശാലയും

ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസനത്തിനായി ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി 100 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. വയനാട് ട്രൈബൽ സർവകലാശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 50 കോടി രൂപ നീക്കിവെച്ചു.

യുവജനങ്ങൾ വിദേശത്തേക്ക് തൊഴിൽതേടി പോകുന്നത് തടയാൻ പ്രത്യേക കർമപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഉദ്യോഗാർത്ഥികളുടെ കഴിവുകൾ സംസ്ഥാനത്ത് തന്നെ പ്രയോജനപ്പെടുത്താനുള്ള വികസന പദ്ധതികൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ദിരാ ഗ്യാരണ്ടികളും ക്ഷേമപെൻഷൻ വർധനയും

വിവിധ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രധാനപ്പെട്ട ഇന്ദിരാ ഗ്യാരണ്ടികൾ ഇതിനോടകം സർക്കാർ നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയും അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധനയും ഇതിൽ ഉൾപ്പെടുന്നു.

സാമൂഹിക ക്ഷേമപെൻഷൻ 2000 രൂപയിൽനിന്ന് 3000 രൂപയാക്കുമെന്ന് യു.ഡി.എഫ്. നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ വർധന ഘട്ടങ്ങളായി നടപ്പാക്കാനുള്ള ആദ്യ പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകാൻ സാധ്യതയുണ്ട്. ഇന്ദിരാ ഗ്യാരന്റി പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചേക്കും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു