സീബ്രാ ക്രോസിങ്ങിൽ നിയമം ലംഘിച്ച ആയിരത്തിലേറെ വാഹനങ്ങൾക്കെതിരെ നടപടി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാരിൽ ഗതാഗത അച്ചടക്കം ശക്തമാക്കുന്നതിനുമായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വൻതോതിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
‘വൈറ്റ് ലൈൻ – ലൈഫ് ലൈൻ’ എന്ന പേരിലായിരുന്നു സംസ്ഥാനവ്യാപകമായി പ്രത്യേക ഡ്രൈവ് നടത്തിയത്. ഓഗസ്റ്റ് 20 മുതൽ 25 വരെ നടന്ന പരിശോധനയിൽ 55,207 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 1,038 വാഹനങ്ങൾ സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി.
നിയമലംഘകരിൽ നിന്ന് ആകെ 2,50,631 രൂപ പിഴ ഈടാക്കി.
പ്രധാന ജങ്ഷനുകൾ, അപകടസാധ്യത കൂടുതലുള്ള മേഖലകൾ, തിരക്കേറിയ കാൽനട ഇടനാഴികൾ എന്നിവിടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ടീമുകളെ വിന്യസിച്ച് പരിശോധന നടത്തിയത്.
കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ വേഗത കുറയ്ക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, കാൽനടയാത്രക്കാർക്ക് നിയമപരമായി ലഭിക്കുന്ന മുൻഗണന നിഷേധിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്.
സീബ്രാ ക്രോസിങ്ങിന്റെ പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിങ്, കാൽനടയാത്രക്കാരുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച് വാഹനയാത്രക്കാർക്ക് ബോധവൽക്കരണ നിർദേശങ്ങളും പൊലീസ് നൽകി.
ഇത്തരം പ്രത്യേക പരിശോധനകൾ തുടരുമെന്നും ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കൂടുതൽ കർശന നടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പൊലീസിനെ അറിയിക്കാം. ശുഭയാത്ര വാട്സ്‌ആപ്പ് നമ്പറായ 9747001099 വഴി ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവ സഹിതം പരാതി നൽകാം. നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ തുടങ്ങിയ വിവരങ്ങളും പരാതിക്കൊപ്പം നൽകണമെന്ന് പൊലീസ് അറിയിച്ചു.
സീബ്രാ ലൈൻ വെറും വെള്ള വരകളല്ല; അത് കാൽനടയാത്രക്കാരുടെ ജീവൻ സുരക്ഷിതമാക്കാനുള്ള ലൈഫ് ലൈനാണ്.


