Top News
പത്തനംതിട്ടയിൽ പിടിച്ചെടുത്ത എംഡിഎംഎ മരുന്നുകൾ.

പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചത് എംഡിഎംഎ: ലഹരിവിരുദ്ധ സംഘടനയുടെ നേതാവ് പത്തനംതിട്ടയിൽ അറസ്റ്റിൽ

പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന ഭാരവാഹി ലഹരിമരുന്നുമായി പിടിയിൽ. എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനെ (25) ആണ് പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിലെ രഹസ്യഅറയിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. ഡാൻസാഫ് സംഘം ദിവസങ്ങളായി യുവാവിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.

പുസ്തകങ്ങൾക്കിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. 1.590 ഗ്രാം ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. പരിശോധനയിൽ സംഘടനയുടെ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു.

‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ എന്ന സംഘടനയുടെ നേതാവാണ് താനെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രതിയുടെ യഥാർത്ഥ മുഖം വളരെ വ്യത്യസ്തമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെരുമ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.

എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലഹരിമരുന്ന് കേസുകളുണ്ട്. കൂടാതെ, കോയിപ്രം സ്റ്റേഷനിൽ സ്ത്രീകൾക്കെതിരായ ആക്രമണം ഉൾപ്പെടെ കേസുകളും നിലവിലുണ്ട്.

വിവിധ സ്റ്റേഷനുകളിലെ ക്രിമിനൽ പശ്ചാത്തലവും ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചു. തുടർനടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ലഹരിമരുന്ന് ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *