Top News
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജ്യസഭ കാലാവധി അവസാനിച്ചു

ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ തന്റെ സ്ഥാനത്തുനിന്ന് രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി.

രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി ഔദ്യോഗികമായി സ്വീകരിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 75(2) പ്രകാരം പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് നടപടിയെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. 2024 ഓഗസ്റ്റിൽ കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് ബിജെപി വീണ്ടും അവസരം നൽകിയില്ല.

സംസ്ഥാന രാഷ്ട്രീയത്തിലും ജോർജ് കുര്യന് തിരിച്ചടികൾ നേരിട്ടിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. എന്നാൽ കനത്ത പരാജയമാണ് അവിടെയുണ്ടായത്.

മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം 2021-ൽ ഇതേ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് ഇത്തവണ ലഭിച്ചത്. കേന്ദ്രമന്ത്രിയെന്ന നിലയിൽ മത്സരിച്ചിട്ടും വോട്ടുകൾ വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ബിജെപിയുടെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായ ജോർജ് കുര്യൻ, മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തിയത് പാർട്ടിയിൽ വലിയ ചർച്ചയായിരുന്നു. കാലാവധി പൂർത്തിയായതോടെ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനവും അനിവാര്യമായും ഒഴിയുകയായിരുന്നു. വരുംദിവസങ്ങളിൽ ബിജെപി നേതൃത്വം അദ്ദേഹത്തിന് മറ്റ് ചുമതലകൾ നൽകുമോയെന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *