മുഖ്യമന്ത്രിയുടെ സൗജന്യ ചാർട്ടേഡ് വിമാന യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക നീക്കവുമായി ലോകായുക്ത. മുഖ്യമന്ത്രി വി.സി. സതീശനും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ബെഞ്ച് നോട്ടീസ് അയച്ചത്. ഹർജി 2027 ജനുവരി 12ന് വീണ്ടും പരിഗണിക്കും.
മലപ്പുറത്തേക്കുള്ള യാത്രയ്ക്കായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനം ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിമാനം സ്പോൺസർ ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം. എന്നാൽ ആരാണ് സ്പോൺസർ ചെയ്തതെന്ന ചോദ്യം ഉയർന്നിട്ടും വിവരം വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
പിന്നീട് വിമാനത്തിന്റെ തുക ചിപ്സൺ ഏവിയേഷൻസ് അടച്ചതായുള്ള വിവരങ്ങളും ഇൻവോയിസും റിപ്പോർട്ടർ ടി.വി. പുറത്തുവിട്ടു. ഈ തുക മറ്റാരെങ്കിലും നൽകിയിരുന്നോ എന്നതടക്കമുള്ള സംശയങ്ങളും ഉയർന്നു.
വിമാനയാത്രയിലെ സ്പോൺസർഷിപ്പ് അഴിമതിയായി കണക്കാക്കി അന്വേഷണം നടത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നുമാണ് കെ.എം. ഷാജഹാന്റെ ഹർജിയിലെ ആവശ്യം. എന്നാൽ സർക്കാർ ആവശ്യത്തിനായാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്നും സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ട ബാധ്യതയില്ലെന്നുമായിരുന്നു സർക്കാരിന് വേണ്ടി അഭിഭാഷകൻ ടി. അസഫലി കോടതിയിൽ വാദിച്ചത്. ഹർജി തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സർക്കാർ വാദം അംഗീകരിക്കാതെ ലോകായുക്ത ഹർജിയിൽ തുടർനടപടികളിലേക്ക് കടന്നിരിക്കുകയാണ്. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ചാർട്ടേഡ് വിമാന യാത്രാ വിവാദം കോൺഗ്രസിനുള്ളിലും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു.


