ബെംഗളൂരുവിൽ ഗതാഗത മന്ത്രി ബൈരാതി സുരേഷിന് അപ്രതീക്ഷിത അനുഭവം. രഹസ്യമായി നടത്തിയ ബസ് പരിശോധനയ്ക്കിടെയാണ് സംഭവം. ബിഎംടിസി ബസ് കണ്ടക്ടറാണ് മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.
ശനിയാഴ്ച രാത്രിയായിരുന്നു മന്ത്രിയുടെ രഹസ്യ പരിശോധന. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിലാണ് മന്ത്രി യാത്ര ചെയ്തത്. മാസ്ക് ധരിച്ചെത്തിയതിനാൽ അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല.
രണ്ട് ടിക്കറ്റിനായി മന്ത്രി 100 രൂപ നൽകി. എന്നാൽ കണ്ടക്ടറുടെ പക്കൽ ചില്ലറ ഉണ്ടായിരുന്നില്ല. ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങണമെന്ന് കണ്ടക്ടർ കർശനമായി പറഞ്ഞു.
മന്ത്രി മറുപടി ഒന്നും പറഞ്ഞില്ല. അദ്ദേഹം ബസിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. രാത്രി ഏഴുമണി മുതൽ ഒൻപതുമണി വരെയായിരുന്നു പരിശോധന. ജയമഹൽ, ആർടി നഗർ തുടങ്ങിയ പലയിടങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തു.
യാത്രയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ പെരുമാറ്റവും മന്ത്രിയെ അലോസരപ്പെടുത്തി. മീറ്റർ ചാർജിനേക്കാൾ അധികം തുക ഓട്ടോക്കാരൻ ആവശ്യപ്പെട്ടു. മീറ്ററിൽ പിശകുണ്ടെന്ന് ഡ്രൈവർ വാദിച്ചു. മന്ത്രി അധിക പണം നൽകി ഓട്ടോയിൽനിന്ന് ഇറങ്ങി. ബസുകളിലെ സൗകര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനായിരുന്നു മന്ത്രിയുടെ പരിശോധന.


