കേരളത്തിലെ കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങളെയും തൊഴിൽ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന വ്യവസ്ഥയാണിതെന്ന് നിരീക്ഷിച്ച കോടതി, 2002ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) റദ്ദാക്കി.
ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ അവർക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47കാരി നൽകിയ ഹർജിയിലാണ് നടപടി. കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന ഭർത്താവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനപ്രകാരം ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്ക് വിലക്കുള്ള ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചിരുന്നു. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.
സ്ത്രീകളെ തൊഴിൽസ്ഥലത്തെ ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് വിലക്കെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ സുരക്ഷയുടെ പേരിൽ എല്ലാ സ്ത്രീകൾക്കും തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ ഇടപെടൽ.


