Top News
three malayalis among 14 killed in fujairah road accident

ഫുജൈറയിൽ വൻ വാഹനാപകടം: മൂന്ന് മലയാളികളടക്കം 14 പേർക്ക് ദാരുണാന്ത്യം

യു.എ.ഇയിലെ ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പതിനാല് പേരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാരുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

മലപ്പുറം വേങ്ങര കുന്നുംപുറം സ്വദേശിയും ഫുജൈറയിൽ കഫറ്റീരിയ ഉടമയുമായ സിദ്ദിഖിന്റെ മക്കളായ ഇരുപത്തിയൊന്നുകാരൻ മുഹമ്മദ് അസ്മിൽ സിദ്ദിഖ്, ഇരുപത്തിയൊന്നുകാരി മിസ്ന ജുബിൻ സിദ്ദിഖ്, മൂന്ന് വയസ്സുള്ള പേരക്കുട്ടി മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ച മലയാളികൾ.

കുടുംബത്തിലെ ഏഴ് പേർ സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. മരിച്ച മറ്റ് പത്ത് പേർ യു.എ.ഇ പൗരന്മാരാണ്.

കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് മുൻപ് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ട്രക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയും, തുടർന്ന് ഗതാഗതക്കുരുക്കിൽ കിടക്കുകയായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ട്രക്കിന് തീപിടിക്കുകയും മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

അപകടത്തിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ മുപ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു