കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം മാവൂരിൽ മരിച്ച അമ്പത്തിനാലുകാരിക്കും ഷിഗെല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ മാസത്തിൽ മാത്രം ജില്ലയിൽ നാൽപതിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷിഗെല്ല എന്ന ബാക്ടീരിയ മനുഷ്യന്റെ കുടലിൽ ഉണ്ടാക്കുന്ന അണുബാധയാണ് ‘ഷിഗല്ലോസിസ്’. മലിനമായ വെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ പ്രധാനമായും പകരുന്നത്.
രോഗം ബാധിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരിലേക്കും അണുബാധ പകരാൻ സാധ്യതയുണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം പെട്ടെന്ന് പിടിപെടുന്നത്.
രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ചില സന്ദർഭങ്ങളിൽ ഒരു ആഴ്ചയ്ക്ക് ശേഷവും ലക്ഷണങ്ങൾ പ്രകടമാകാം.
വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.
അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
ഈ സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നത് മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. പാകം ചെയ്ത ഭക്ഷണസാധനങ്ങൾ അടച്ചുസൂക്ഷിക്കാൻ ശ്രദ്ധിക്കണം.
മുട്ട, പാൽ, മാംസം, മത്സ്യം എന്നിവ ശരിയായ രീതിയിൽ പാകം ചെയ്ത് മാത്രം കഴിക്കുക. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷണങ്ങളിൽ ബാക്ടീരിയ കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയുണ്ട്. പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉപ്പിട്ട കഞ്ഞിവെള്ളം, ഒ.ആർ.എസ് ലായനി, നാരങ്ങാവെള്ളം എന്നിവ നൽകി നിർജലീകരണം തടയണം.
യാതൊരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുക. നിപ വൈറസ് പോലെ തന്നെ വ്യാപിക്കാൻ സാധ്യതയുള്ള രോഗമായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.


