ലണ്ടൻ: ഏദൻ ഉൾക്കടലിൽ യെമൻ തീരത്തുവെച്ച് ചരക്ക് കപ്പൽ സായുധ സംഘം തട്ടിയെടുത്തു. ‘അസാന’ എന്ന കെമിക്കൽ ടാങ്കറാണ് അക്രമണകാരികൾ പിടിച്ചെടുത്തതെന്ന് വിവരം ലഭിച്ചു. കപ്പലിന്റെ നിയന്ത്രണം അക്രമികൾ പൂർണ്ണമായും ഏറ്റെടുത്തിട്ടുണ്ടെന്ന് സമുദ്ര സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
സോമാലിയൻ കടൽക്കൊള്ളക്കാരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഹൂതി വിമതരുടെ പങ്കും അധികൃതർ സംശയിക്കുന്നുണ്ട്. സോമാലിയൻ തുറമുഖമായ ബോസസോയിലേക്ക് പോവുകയായിരുന്നു ഈ കെമിക്കൽ ടാങ്കർ. അക്രമണകാരികളുടെ എണ്ണത്തെക്കുറിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.
കപ്പലിൽ കയറിയ സാഹചര്യം അനിശ്ചിതമായി തുടരുകയാണെന്ന് സുരക്ഷാ ഏജൻസികൾ പറഞ്ഞു. കപ്പലിലെ ജീവനക്കാരുടെ നിലവിലെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യെമനിലെ അൽ മുഖല്ല തുറമുഖത്തിന് 65 നോട്ടിക്കൽ മൈൽ തെക്കാണ് സംഭവം നടന്നത്. കപ്പൽ കിഴക്കോട്ട് സഞ്ചരിക്കുമ്പോഴാണ് സായുധ സംഘം ആക്രമണം നടത്തിയത്.
ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ട്. സമുദ്ര മേഖലയിലെ ഭീഷണികൾ വർദ്ധിക്കുന്നതിനെതിരെ കപ്പലുകൾക്ക് മുന്നറിയിപ്പും നൽകി. കൂടുതൽ വിവരങ്ങൾക്കായി നാവിക സേനകളുടെ നിരീക്ഷണം തുടരുകയാണ്.


