ഡെങ്കിപ്പനി വ്യാപനം വർധിച്ചതിനെ തുടർന്ന് കാര്യവട്ടം ക്യാമ്പസ് അടയ്ക്കാൻ തീരുമാനം. ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി.
രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് ക്ലാസുകൾ ഓൺലൈനായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ക്യാമ്പസിലെ വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമാണ് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നത്.
അതേസമയം, ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും ഹോസ്റ്റൽ അടയ്ക്കാത്തതിൽ വിദ്യാർഥികൾ ആശങ്കയും പരാതിയും ഉയർത്തിയിരുന്നു. ക്യാമ്പസിലെ രോഗവ്യാപന സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടി വേണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
വിദ്യാർഥികളുടെ ആശങ്കകളും പരാതികളും ശക്തമായ സാഹചര്യത്തിലാണ് ക്യാമ്പസ് അടയ്ക്കാനും ക്ലാസുകൾ ഓൺലൈനാക്കാനും തീരുമാനമായത്.
കാര്യവട്ടം ക്യാമ്പസിലെ ഡെങ്കിപ്പനി വ്യാപനവുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസായിരുന്നു.
ക്യാമ്പസിലെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള തുടർനടപടികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


