കേരളത്തിന്റെ ഓണം ബമ്പറിലെ 30 കോടി രൂപ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി സമ്മാനത്തുക കൈപ്പറ്റിയെങ്കിലും പേര് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചത്. TL 360615 എന്ന ടിക്കറ്റാണ് 30 കോടി രൂപയുടെ ഭാഗ്യം സ്വന്തമാക്കിയത്.
സമ്മാനാർഹനായ വ്യക്തി ടിക്കറ്റ് ലോട്ടറി വകുപ്പിന് കൈമാറി സമ്മാനത്തുക കൈപ്പറ്റിയതായി അധികൃതർ അറിയിച്ചു. എന്നാൽ പേര് വെളിപ്പെടുത്താൻ വിജയി തയ്യാറാകാത്തതിനാൽ ലോട്ടറി വകുപ്പിനും വിജയിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് വിവരം.
വലിയ തുകയുടെ ലോട്ടറി സമ്മാനം ലഭിച്ചവരെ തേടി വിവിധ ആവശ്യങ്ങളുമായി നിരവധി പേർ എത്താറുള്ള അനുഭവങ്ങൾ മുൻ ബമ്പർ ജേതാക്കൾ പങ്കുവെച്ചിട്ടുണ്ട്. ഇതാണ് ഇത്തവണത്തെ ഭാഗ്യശാലിയും തന്റെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കരണം.
30 കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമെങ്കിലും മുഴുവൻ തുകയും വിജയിയുടെ കൈയിലെത്തില്ല. നികുതി, സർചാർജ്, ആരോഗ്യ-വിദ്യാഭ്യാസ സെസ്, ഏജന്റ് കമ്മിഷൻ എന്നിവ കുറച്ച ശേഷമാണ് സമ്മാനത്തുക ലഭിക്കുക.
കണക്കുകൾ പ്രകാരം ഏജന്റ് കമ്മിഷനായി 10 ശതമാനം തുക മാറ്റിവെക്കും. സമ്മാനത്തുകയ്ക്ക് 30 ശതമാനം ആദായനികുതിയും 25 ശതമാനം സർചാർജും നാല് ശതമാനം ആരോഗ്യ-വിദ്യാഭ്യാസ സെസും ബാധകമാണ്. ഇവയെല്ലാം കുറച്ചശേഷം ഏകദേശം 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്.
30 കോടിയുടെ ഓണം ബമ്പർ നേടിയിട്ടും വാർത്തകളിൽ നിറയാതെ, പേര് പോലും പുറത്തുവിടാതെ സമ്മാനത്തുക കൈപ്പറ്റിയിരിക്കുകയാണ് കണ്ണൂരിലെ ഈ ഭാഗ്യശാലി. കോടികളുടെ സമ്മാനം സ്വന്തമാക്കിയ വ്യക്തി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ തളിപ്പറമ്പിലും ലോട്ടറി പ്രേമികളും.


