തൃശൂർ എരുമപ്പെട്ടിയിൽ അർജന്റീന-ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി തടസ്സപ്പെട്ടു. ഇതേതുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അർധരാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.
ഇന്ന് പുലർച്ചെ 12.42 മുതൽ 1.07 വരെയാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ വൈദ്യുതി പോയത് ഫുട്ബോൾ ആരാധകരെ പ്രകോപിപ്പിച്ചു. ഈ സമയത്താണ് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം ഉയർന്നത്.
വൈദ്യുതി ഉപഭോഗം വലിയ രീതിയിൽ വർധിച്ചതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. നിയന്ത്രണം എത്ര നാൾ തുടരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവും കുറഞ്ഞിട്ടുണ്ട്. ഇത് ഭരണപരാജയമല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിലും ഇത്തരത്തിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യം മറികടക്കാൻ ബാറ്ററി സ്റ്റോറേജ് സൗകര്യം വർധിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


