പാലക്കാട് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ടക്കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിൽ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന 40കാരനെ ഏഴംഗ സംഘം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രധാന പ്രതിയായ മൂലക്കടവ് സ്വദേശി കതിരേശനടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു.
നവീൻ, കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പലതവണ വിലക്കിയിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാവിലെ 8.30ഓടെയാണ് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണത്തിനു പിന്നിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
മദ്യലഹരിയിലായിരുന്ന പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് യുവാവിന്റെ മുഖത്തും തലയിലും ക്രൂരമായി മർദിച്ചെന്നാണ് പൊലീസ് പറയുന്നത്. നിലത്തുവീണ ശേഷവും ആക്രമണം തുടർന്നു. ഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ യുവാവിനെ കണ്ട പ്രതികൾ അരക്കിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് ഓടിച്ചശേഷം മൂലത്തറ ഡാമിന് സമീപത്തുവെച്ച് പിടിച്ചുനിർത്തി മർദിക്കുകയായിരുന്നു.
മർദനമേറ്റ് അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോൾ പ്രതികൾ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്തതായും പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ടയാൾക്ക് സംസാരശേഷിയില്ലായിരുന്നിരിക്കാമെന്നാണ് സംശയം. ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


