Top News
little fidel's warm welcome to pinarayi goes viral

സമരപ്പന്തലിൽ പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് ആറുവയസുകാരൻ ഫിദൽ: വീഡിയോ വൈറൽ

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനെത്തിയ പിണറായി വിജയന് അഭിവാദ്യമർപ്പിക്കുന്ന ആറുവയസുകാരൻ ഫിദലിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. സർവകലാശാലയിലെ സസ്പെൻഷൻ നടപടി നേരിട്ട 16 വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സമരപ്പന്തലിൽ എത്തുന്ന ജിംനയുടെ മകനാണ് ഫിദൽ.

സംസ്കൃത വേദാന്തത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിനിയായ ജിംന കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സമരപ്പന്തലിലുണ്ട്. അമ്മയ്ക്കൊപ്പം ഫിദലും പതിവായി സമരസ്ഥലത്തെത്താറുണ്ട്. സർവകലാശാലയിലെ സംഭവങ്ങളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞ ഫിദൽ കാലടിയിലെ സാഹചര്യങ്ങളെക്കുറിച്ച് അമ്മയോട് ചോദ്യങ്ങൾ ചോദിക്കാറുണ്ടെന്ന് ജിംന പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതിന്റെ കാരണം എന്താണെന്ന് ഫിദൽ തിരിച്ചു ചോദിച്ചു. കാര്യങ്ങൾ മനസ്സിലാക്കാൻ കുഞ്ഞുകുഞ്ഞു ചോദ്യങ്ങളിലൂടെ ശ്രമിച്ചിരുന്നുവെന്നും ജിംന വ്യക്തമാക്കി.

സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി സമരപ്പന്തലിലെത്തിയപ്പോഴും ഫിദൽ അഭിവാദ്യം അറിയിച്ചിരുന്നു. പിണറായി വിജയൻ വരുമോ എന്ന് പിന്നീട് ഫിദൽ ചോദിച്ചിരുന്നതായും വരുമെന്ന് പറഞ്ഞപ്പോൾ വലിയ ആവേശമായിരുന്നുവെന്നും ജിംന പറഞ്ഞു.

കാലടി സർവകലാശാലയിലെ സമരത്തിന് പിന്തുണ നൽകാനുള്ള തീരുമാനത്തെക്കുറിച്ചും ജിംന വിശദീകരിച്ചു. 2015-16 കാലഘട്ടത്തിൽ സംസ്കൃത സർവകലാശാലയിൽ എംഫിൽ പഠനം നടത്തിയിട്ടുള്ളതിനാൽ സർവകലാശാലയിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ജിംന പറഞ്ഞു. സമരത്തിലിരിക്കുന്ന വിദ്യാർത്ഥികൾ പറയുന്ന കാര്യങ്ങളുടെ യാഥാർഥ്യം മനസ്സിലാക്കാതെ പൊതുസമൂഹം പ്രതികരിക്കുന്ന സാഹചര്യമുണ്ടെന്നും അത്തരം ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നത് ധാർമ്മിക ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

സമരക്കാർ കോടതിയിൽ കേസ് നടത്തുന്നതിന് പകരം വെള്ളക്കടലാസിൽ മാപ്പപേക്ഷ നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ പ്രതികരണത്തോടും ജിംന വിയോജിപ്പ് പ്രകടിപ്പിച്ചു. ചെയ്യാത്ത തെറ്റിന് മാപ്പപേക്ഷ നൽകുന്നതിനേക്കാൾ ആത്മാഭിമാനത്തോടെ നിലപാടിൽ ഉറച്ചുനിൽക്കാനാണ് താൽപര്യമെന്നും ജിംന പ്രതികരിച്ചു.

കാലടിയിലെ ആശ്രമം സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ് ഫിദൽ. പ്രഷീൺ ജി. പയ്യോളിയാണ് പിതാവ്. തൃശൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിക്കുന്ന പ്രഷീണാണ് ക്യൂബൻ വിപ്ലവ നേതാവ് ഫിദലിന്റെ പേര് മകന് നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked *