2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് ആരംഭിച്ച് 30ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് രണ്ടുമുതൽ 30 വരെയാണ് നടക്കുക. മേയ് ആദ്യവാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനാണ് തീയതികൾ പ്രഖ്യാപിച്ചത്.
പരീക്ഷകൾക്കായി സംസ്ഥാനത്തും ഗൾഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലുമായി 3,049 കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. ഏകദേശം ഒമ്പത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. മാർച്ച് എട്ടിന് ഒഴികെയുള്ള എസ്എസ്എൽസി പരീക്ഷകൾ രാവിലെ 9.30ന് ആരംഭിക്കും. ഹയർ സെക്കൻഡറി പരീക്ഷകളിൽ മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിനും മറ്റു ദിവസങ്ങളിൽ രാവിലെ 9.30നുമാണ് പരീക്ഷ ആരംഭിക്കുക.
എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. ഇത്തവണ മുതൽ യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം (UEMS) എന്ന പുതിയ സോഫ്റ്റ്‌വെയർ വഴിയായിരിക്കും രജിസ്ട്രേഷൻ നടപടികൾ. വിശദമായ വിഷയാടിസ്ഥാനത്തിലുള്ള ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
ഹയർ സെക്കൻഡറി രണ്ടാംവർഷ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25നും വിഎച്ച്എസ്ഇ വൊക്കേഷണൽ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15നും ആരംഭിക്കും. ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ 24 വരെ നടക്കും.
പരീക്ഷാഫീസ് പിഴയില്ലാതെ നവംബർ 23 വരെ അടയ്ക്കാം. 20 രൂപ പിഴയോടെ നവംബർ 25 വരെയും സൂപ്പർ ഫൈനോടെ നവംബർ 27 വരെയും ഫീസ് അടയ്ക്കാൻ അവസരമുണ്ട്. പ്രത്യേക പിഴയോടെ ഡിസംബർ രണ്ടാണ് അവസാന തീയതി.


