തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ് അന്വേഷണത്തിൽ വീണ്ടും നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള എച്ച്ഡിഎഫ്സി (HDFC) ബാങ്ക് ലോക്കറുകളാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ചത്.
കൊച്ചിയിലെ ഇഡി ഓഫീസിൽ വീണയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസി ഈ കടുത്ത നടപടിയിലേക്ക് കടന്നത്.
മുൻപ് ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധങ്ങളും ആക്രമണങ്ങളും ഉണ്ടായ പശ്ചാത്തലത്തിൽ, ഇത്തവണ അതീവ ജാഗ്രതയോടെ കേന്ദ്ര സായുധ സേനയുടെ കനത്ത സുരക്ഷാ വലയത്തിലാണ് ഇഡി സംഘം ബാങ്കിലെത്തിയത്.
കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. ബാങ്ക് ലോക്കറുകൾ വഴി എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക രേഖകളോ ഡിജിറ്റൽ തെളിവുകളോ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
മാധ്യമങ്ങളെ പരിഹസിച്ച് പിണറായി വിജയൻ
സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് മകളുടെ ബാങ്ക് ലോക്കർ പരിശോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പിണറായി വിജയന് നേരെ ഉയർന്നത്.
എന്നാൽ അതീവ ശാന്തനായും പരിഹാസ രൂപേണയുമാണ് അദ്ദേഹം ഈ ചോദ്യങ്ങളെ നേരിട്ടത്.
“അന്വേഷണം നേരത്തെ നടക്കുന്നതല്ലേ? അവർ വീട്ടിൽ വന്നതല്ലേ? വീട്ടിൽ വന്നപ്പോൾ ബാങ്ക് ലോക്കറുണ്ടെന്ന് അറിഞ്ഞു. ആ ബാങ്ക് ലോക്കർ അവർക്ക് കാണണമായിരിക്കും.
നിങ്ങൾ (മാധ്യമങ്ങൾ) ക്യാമറയുമായി ചെന്നു നോക്ക്. ലോക്കർ തുറക്കുമ്പോൾ മഹാകാര്യങ്ങൾ ഉണ്ടോയെന്ന് നോക്കാമല്ലോ? വിസ്മയങ്ങൾ ഉണ്ടോന്ന് നോക്കാമല്ലോ?” – പിണറായി വിജയൻ പ്രതികരിച്ചു.
കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ ഭയപ്പെടുന്നില്ലെന്ന രാഷ്ട്രീയ സന്ദേശം നൽകാനാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം ശ്രമിച്ചത്.
അന്വേഷണം സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണെന്നും ലോക്കറിൽ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിയില്ലെന്നുമുള്ള ആത്മവിശ്വാസമാണ് ഈ പരിഹാസത്തിലൂടെ പിണറായി വ്യക്തമാക്കിയത്.
അന്വേഷണം കടുപ്പിച്ച് കേന്ദ്ര ഏജൻസികൾ
ഐടി കൺസൾട്ടൻസി സേവനങ്ങൾ നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്നും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് കോടിക്കണക്കിന് രൂപ പ്രതിഫലമായി ലഭിച്ചുവെന്നാണ് സിറിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോപിക്കുന്നത്.
ഈ തുക കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (PMLA) പരിധിയിൽ വരുമെന്നതിനാൽ ഇഡി അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.
ഹൈക്കോടതിയിൽ നിന്നും അന്വേഷണത്തിന് അനുകൂലമായ ഉത്തരവ് ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യലും ലോക്കർ പരിശോധനയും ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ ഇഡി തീരുമാനിച്ചത്.
ലോക്കർ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളും ഡിജിറ്റൽ രേഖകളും വരും ദിവസങ്ങളിൽ കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാക്കുമെന്നാണ് സൂചന. രാഷ്ട്രീയ വടംവലികൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഇടയിൽ മാസപ്പടി കേസ് അന്വേഷണം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.


