കുട്ടികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തി അവരെ ഉത്തരവാദിത്വമുള്ള ഡിജിറ്റൽ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് സൈബർ ഡിവിഷൻ നടപ്പിലാക്കുന്ന ‘കിഡ് ഗ്ലോവ്’ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബാഡ്ജുകളും വിതരണം ചെയ്തു.
കൊല്ലം റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.
സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം കുട്ടികൾക്ക് സുരക്ഷിതമായ സോഷ്യൽ മീഡിയ ഉപയോഗം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വകാര്യതയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും, സൈബർ ബുള്ളിയിംഗ്, ഓൺലൈൻ ഗെയിമിംഗ് തുടങ്ങിയ മേഖലകളിലെ അപകടസാധ്യതകൾ സംബന്ധിച്ച് ശരിയായ അവബോധം നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കിഡ് ഗ്ലോവ് പദ്ധതിയുടെ ഭാഗമായി സർട്ടിഫിക്കറ്റും ബാഡ്ജും ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ഇനി സ്വന്തം സ്കൂളുകളിലും സഹപാഠികൾക്കിടയിലും സൈബർ സുരക്ഷാ അംബാസഡർമാരായി പ്രവർത്തിക്കും. കൂടാതെ, ഒക്ടോബർ 7, 8 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാനതല കിഡ് ഗ്ലോവ് സമ്മിറ്റിൽ കൊല്ലം റൂറൽ ജില്ലയെ ഇവർ പ്രതിനിധീകരിക്കും.
ചടങ്ങിൽ കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിനു വർഗീസ്, വെളിയം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ സുരേഖ, സൈബർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ പിള്ള, റുമേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
കിഡ് ഗ്ലോവ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്ററും കൊച്ചി സൈബർ ഡോമിലെ സബ് ഇൻസ്പെക്ടറുമായ ഷിജു വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ അധ്യാപകർക്കും ചടങ്ങിൽ മൊമെന്റോകൾ വിതരണം ചെയ്തു


