Top News
gulf travel gets costlier

ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് ചെലവേറുന്നു. ഇൻഡിഗോയ്ക്ക് പിന്നാലെ മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും.

വിമാന ഇന്ധനവിലയിലുണ്ടായ വർധനയും പ്രവർത്തനച്ചെലവിലെ ഉയർച്ചയുമാണ് നിരക്ക് വർധനയ്ക്ക് കാരണമായി വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ യാത്രാബജറ്റിനെ വർധന ബാധിക്കും.

മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഏകദേശം 55 ഡോളർ വരെ സർചാർജ് വർധിപ്പിച്ചതായാണ് റിപ്പോർട്ട്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ പുതിയ നിരക്കുകൾ ബാധകമാകുന്നതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് അധിക തുക ചെലവഴിക്കേണ്ടിവരും.

പുതിയ നിരക്കുകൾ പ്രകാരം ആഭ്യന്തര സർവീസുകളിൽ 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 850 രൂപയും 1,500 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രകൾക്ക് 1,200 രൂപയും ഇന്ധന സർചാർജ് ഈടാക്കും.

ആഗോള ഊർജവിപണിയിലെ സമ്മർദവും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും വിമാന ഇന്ധനമായ എടിഎഫിന്റെ വിലയിൽ വലിയ ചാഞ്ചാട്ടത്തിന് കാരണമായിട്ടുണ്ട്. ഇന്ധനവില വർധിച്ചതോടെ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവും ഉയർന്നു. ഈ സാഹചര്യത്തിൽ അധിക ചെലവിന്റെ ആഘാതം കുറയ്ക്കുന്നതിനായാണ് സർചാർജ് വർധിപ്പിക്കുന്നതെന്നാണ് കമ്പനികളുടെ വിശദീകരണം.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒക്ടോബർ 9ന് പുലർച്ചെ 12 മണിക്ക് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്കും എയർ ഇന്ത്യയുടെ അന്നേ ദിവസം രാവിലെ 11 മണിക്ക് ശേഷമുള്ള ബുക്കിംഗുകൾക്കുമാണ് പുതിയ സർചാർജ് ബാധകമാകുന്നത്. യാത്ര ചെയ്യുന്ന റൂട്ടിനും സെക്ടറിനും അനുസരിച്ച് തുകയിൽ വ്യത്യാസമുണ്ടാകും.

സാഹചര്യങ്ങൾ വിലയിരുത്തി സർചാർജ് നിരക്കുകൾ കാലാകാലങ്ങളിൽ പുനഃപരിശോധിക്കുമെന്നും വിമാനക്കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് യാത്രയ്ക്ക് ടിക്കറ്റ് എടുക്കാനൊരുങ്ങുന്ന പ്രവാസികൾ പുതിയ നിരക്കുകൾ പരിശോധിച്ചശേഷം ബുക്കിംഗ് നടത്തേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *