Top News
HEATWAVE ALERT

കേരളത്തിൽ ചൂട് കനക്കുന്നു; 37°C വരെ താപനില, പിന്നാലെ ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്

സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതായാണ് റിപ്പോർട്ട്.

കൊല്ലം പുനലൂരിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ 37 ഡിഗ്രി സെൽഷ്യസ് ആണ് അന്തരീക്ഷതാപനില. തിരുവനന്തപുരം സിറ്റിയിൽ 35.4 ഡിഗ്രി സെൽഷ്യസും പാലക്കാട് 35.2 ഡിഗ്രി സെൽഷ്യസും കോഴിക്കോട് സിറ്റിയിൽ 35.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

അതേസമയം, സംസ്ഥാനത്ത് മഴയുടെ കുറവും തുടരുകയാണ്. ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാടും ഇടുക്കിയുമാണ് ഏറ്റവും കൂടുതൽ മഴക്കുറവ് നേരിടുന്ന ജില്ലകൾ. വയനാട്ടിൽ സാധാരണയേക്കാൾ 54 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറവാണ് രേഖപ്പെടുത്തിയത്.

എന്നാൽ ചൂടിനൊപ്പം സംസ്ഥാനത്ത് മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ, സെപ്റ്റംബർ 18ന് ഇടുക്കി ജില്ലയിലാണ് യെല്ലോ അലേർട്ട്. സെപ്റ്റംബർ 19 ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും സെപ്റ്റംബർ 20 ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനാൽ ഉയർന്ന അന്തരീക്ഷതാപനിലയ്ക്കൊപ്പം വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Leave a Comment

Your email address will not be published. Required fields are marked *